ബ്‌ളാക്ക് & വൈറ്റ്, ഗൃഹാതുരത്വത്തിന്റെ നിറങ്ങളാണ്... സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍ നമുക്ക് ഗൃഹാതുരത്വത്തിന്റെ അവസാന വാക്കാവുന്നതും അതുകൊണ്ടായിരിക്കണം... കറുത്ത പാന്റും വെളുത്ത ഷര്‍ട്ടുമണിഞ്ഞ ആ ദിനങ്ങള്‍, രണ്ട് പതിറ്റാണ്ടുകൾക്കപ്പുറത്ത് നിന്നുകൊണ്ട്, ഇന്നും നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ടേയിരിക്കുന്നു...
ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്ക് പഠിച്ചും കളിച്ചും വലുതായ വര്‍ഷങ്ങളില്‍, തമാശകള്‍ക്കും കുസൃതികള്‍ക്കും ചങ്ങാത്തങ്ങള്‍ക്കും പിണക്കങ്ങള്‍ക്കുമെല്ലാം പശ്ചാത്തലമൊരുക്കിയ ഈ സ്‌കൂള്‍, ഇവിടുത്തെ ഓരോ പൂര്‍വവിദ്യാര്‍ഥിയുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്.
ജാതിയും മതവും കടലാസില്‍ മാത്രം ഒതുങ്ങിയ ചെറിയ വിവരങ്ങളായിരുന്നു എന്ന് തിരിച്ചറിയുന്നു, അന്നത്തെ സൗഹൃദകൂട്ടങ്ങളുടെ ഘടന ഓര്‍ക്കുമ്പോള്‍... ഉച്ചയൂണിനായുള്ള ഇന്റര്‍വല്ലില്‍ ലീഗ് ഹൗസിന് മുന്നിലെ പള്ളിയിലേക്ക് മുസ്ലീം സുഹൃത്തുക്കളോടൊപ്പം പോവുന്നവര്‍... ശബരിമലയില്‍ നിന്നും ഹിന്ദു സുഹൃത്തുക്കള്‍ കൊണ്ടുവരുന്ന അരവണയ്ക്കായി കാത്തിരിക്കുന്നവര്‍... പരീക്ഷയ്ക്ക് മുന്‍പുള്ള അവസാന റൗണ്ട് പഠിത്തത്തിന്റെ ഇടയ്ക്ക് സ്‌കൂളിനു മുന്നിലെ ക്രൈസ്തവ ദേവാലയത്തില്‍ പോയി 'ചോദ്യപേപ്പര്‍ ഈസി ആയിരിക്കണമേ'യെന്ന് പ്രാര്‍ഥിക്കുന്നവര്‍... 'മതേതരത്വം' എന്ന വാക്ക് എന്താണ് എന്നറിയുന്നതിന് മുന്‍പേ തന്നെ, അതിന്റെ അര്‍ത്ഥം നമ്മെ പഠിപ്പിച്ചു തന്നിരുന്ന നമ്മുടെ ഹൈസ്‌കൂള്‍...
ഇരട്ടപേരുള്ള അധ്യാപകരെല്ലാം തന്നെ, ശകാരിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് നമ്മെ സ്‌നേഹിച്ചിരുന്നു... സഹികെടുമ്പോള്‍, ചെവിക്ക് പിടിക്കുകയും ചൂരല്‍പ്രയോഗം നടത്തുകയും ചെയ്യുമെന്നല്ലാതെ, പേര് കേള്‍ക്കുമ്പോള്‍ തന്നെ കാല്‍മുട്ട് വിറപ്പിച്ചിരുന്ന ഒരധ്യാപകന്‍ പോലും നമ്മുടെ സ്‌കൂളില്‍ ഇല്ലായിരുന്നു...
രാവിലെ സ്‌കൂളില്‍ നേരത്തെ എത്തിയാല്‍ സൊറ പറഞ്ഞുകൊണ്ട് ഹോംവര്‍ക്ക് ചെയ്യാന്‍ ഉപയോഗപ്പെടാറുള്ള 'മോണിംഗ് സ്റ്റഡി' എന്ന ഏര്‍പ്പാടും, ബദാം മരങ്ങള്‍ തണല്‍ വിരിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ വരിവരിയായി നില്‍ക്കാറുള്ള സ്‌കൂള്‍ അസംബ്ലിയും, ചന്തമേറിയ പൂവിലും...' എന്ന് തുടങ്ങുന്ന പ്രാര്‍ഥനാഗാനവും, പീരിയഡുകളെ വേര്‍തിരിക്കുന്ന ആ ബെല്ലടിയും, പഠിപ്പുമുടക്കാന്‍ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ എത്തുമ്പോള്‍ മുഴങ്ങാറുള്ള 'ഇന്നിനി ക്ലാസുകള്‍ ഉണ്ടായിരിക്കില്ല' എന്ന കല്ലേപ്പള്ളില്‍ അച്ചന്റെ അനൗണ്‍സ്‌മെന്റും, ഉച്ചയൂണിന് ശേഷം പൊരിവെയിലത്തുള്ള പന്തുകളിയും ഉണ്ടയേറും, പരീക്ഷ ദിവസങ്ങളില്‍ ബദാം കായയെ ബോളാക്കി സങ്കല്‍പ്പിചും പരീക്ഷാ ബോര്‍ഡ് ബാറ്റാക്കിയും കളിച്ചിരുന്ന ക്രിക്കറ്റും, ലോങ്ങ് ബെല്ലിനു തൊട്ടുമുന്‍പുള്ള ജനഗണമനയും, ഒരു മതിലിനപ്പുറത്തെ കോണ്‍വെന്റ് ഗേള്‍സുമെല്ലാം, ഇന്നും മനസ്സിനെ ഉണര്‍ത്തുന്ന ചിത്രങ്ങളില്‍ ചിലത് മാത്രം.
കറുത്ത ബോര്‍ഡില്‍ കുട്ടികള്‍ കോറിയിടുന്ന ഒറ്റ വരകളില്‍ നിന്നും പോള്‍ കല്ലാനോട് മാഷ് മനോഹര ചിത്രങ്ങള്‍ തീര്‍ത്തത് പോലെ, ഒന്നുമല്ലാതിരുന്ന ഒന്നുമറിയാതിരുന്ന നമ്മെ ഈ കാണുന്ന നമ്മളാക്കി വരച്ചെടുത്തത് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളാണ്... ആ മഹത്തായ വിദ്യാലയത്തെ എന്നെന്നും ഓര്‍ക്കാനും, സഹപാഠികളും അധ്യാപകരുമായി സമ്പര്‍ക്കം നിലനിര്‍ത്താനും
'1996 BOYS' എന്നയീ കൂട്ടായ്മയിലൂടെ നമുക്ക് സാധിക്കട്ടെ...
സസ്‌നേഹം,
അനൂപ് ജി. (10th B)
